Site icon Fourteen Kerala – 14 Kerala News

റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

കുറ്റ്യാടി ; കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ-സീനിയർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ലടിച്ചു തെറിപ്പിച്ച സംഭവത്തിൽ 12 സീനിയർ വിദ്യാർഥികളുടെപേരിൽ കേസ്.
ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസ്. ചൊവ്വാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥി ഇഷാമിനെ സ്കൂൾവിട്ട് വീട്ടിലേക്ക് പോകുന്നവഴിയിൽ ഇരുപതോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി.

കുന്നുമ്മൽ ഉപജില്ലാ സ്കൂൾകലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർഥികൾ അവരുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ്ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പോലീസിന് കിട്ടിയ വിവരം.ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്.
രണ്ടുദിവസംമുൻപ്‌ ഇതിന്റെ പേരിൽ സീനിയർ-ജൂനിയർ വിദ്യാർഥികൾ സ്കൂൾഗ്രൗണ്ടിൽ ഏറ്റുമുട്ടി. അധ്യാപകർ ഏറെ പരിശ്രമിച്ചാണ് അന്ന് സംഘർഷം ഒഴിവാക്കിയത്.ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ചത്തെ അക്രമം. പരിക്കേറ്റ ഇഷാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർശനനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം സംഘട്ടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 14 വിദ്യാർഥികളെ അന്വേഷണ വിധേയമായി സ്കൂളിൽനിന്നും മാറ്റി നിർത്താൻ തീരുമാനിച്ചു. കുറ്റാരോപിതരുടെയും പരാതിക്കാരുടെയും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് അച്ചടക്ക നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

Exit mobile version