Site icon Fourteen Kerala – 14 Kerala News

മോഷ്ടിച്ച മൊബൈൽ വഴി പണം തട്ടി; കോഴിക്കോട് സ്വദേശി പിടിയിൽ

കോതമംഗലം: ചെറുവട്ടൂർ ഭാഗത്ത് മുസ്‌ലിം പള്ളിയിൽ പ്രാർഥിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് പതിനായിരങ്ങൾ തട്ടിയെടുത്ത കോഴിക്കോട് സ്വദേശി കോതമംഗലം പോലീസിന്റെ പിടിയിലായി.
ചേളണ്ണൂർ വില്ലേജ് പാലത്തിനു സമീപം കോണോട്ടുതാഴം ഹിറാ മൻസിലിൽ മുനീബ് (29) ആണ് അറസ്റ്റിലായത്. ഇയാൾ ഡെലിവറി വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരുകയാണ്. ചെറുവട്ടൂർ സ്വദേശി കുഞ്ഞുമുഹമ്മദിന്റെയാണ് മൊബൈലും പണവും നഷ്ടപ്പെട്ടത്.

14-ന് ഉച്ചയ്ക്ക് പ്രാർഥനയ്ക്ക് പള്ളിയിൽ എത്തിയപ്പോഴാണ് 15,000 രൂപ വിലയുള്ള മൊബൈലുമായി മുനീബ് കടന്നത്. അന്നുതന്നെ തട്ടിയെടുത്ത മൊബൈലിലൂടെ ജി-പേ പാസ്‌വേഡ് ഉപയോഗിച്ച് രണ്ട് പ്രാവശ്യമായി പ്രതിയുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു.എ.ടി.എമ്മിൽ കയറി കുഞ്ഞുമുഹമ്മദ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്.
ഓണാവധി കഴിഞ്ഞ് ചൊവ്വാഴ്ച ബാങ്ക് ശാഖയിൽ എത്തി അക്കൗണ്ട് വിവരം പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ മനസ്സിലായത്. പോലീസ് എത്തി കൈവശമുള്ള മൊബൈൽ വാങ്ങി പരിശോധിച്ചപ്പോൾ തട്ടിയെടുത്ത മൊബൈലാണെന്ന് കണ്ടെത്തി.ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. സി.ഐ. പി.ടി. ബിജോയ്, എസ്.ഐ. മാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, എം.എം. റെജി, എ.എസ്.ഐ. എൽദോസ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version