Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അയൽക്കാരിയുടെ സ്വർണവും പണവും തട്ടി യുവതി മുങ്ങി; നാല് വർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട് : അയൽക്കാരിയിൽ നിന്നു 14 ലക്ഷത്തോളം രൂപയുടെ സ്വർണവും 7 ലക്ഷം രൂപയും തട്ടിച്ചു മുങ്ങിയ യുവതിയെ നാലു വർഷത്തിനു ശേഷം പന്തീരാങ്കാവ് ഇൻസ്പെക്ടർ ബിജുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. നല്ലളം ഒടുമ്പ്ര സ്വദേശി പി.ടി.ഹൗസിൽ പി.ടി.റുമൈസയെ(38) ആണ് സബ് ഇൻസ്പെക്ടർ വി.കെ.വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതി റിമാൻഡ് ചെയ്തു. 2020ൽ പെരുമണ്ണ പാറക്കണ്ടെത്തെ സ്വകാര്യ ഫ്ലാറ്റിൽ താമസിക്കുന്ന സ്ത്രീയെ പരിചയപ്പെട്ടാണു തട്ടിപ്പിനു തുടക്കം.

തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന റുമൈസ അയൽക്കാരിയുടെ അസുഖ ബാധിതനായ ഭർത്താവിനു വിദഗ്ധ ചികിത്സ ലഭ്യമാക്കാമെന്നും ഖത്തർ കമ്മിറ്റിയിൽ നിന്നു വീടും സ്ഥലവും ചികിത്സാ ചെലവും ലഭ്യമാക്കാമെന്നുമാണു വാഗ്ദാനം ചെയ്തത്.
ചികിത്സകൾക്കു കൊണ്ടു പോകുന്നതിനും മറ്റും സഹായിയായി ഒപ്പം നിന്നു. പിന്നീട് സൗഹൃദം തുടർന്ന് വിവിധ മാസങ്ങളിലായി 7 ലക്ഷം രൂപയും 27 പവൻ സ്വർണവും വാങ്ങി. തന്റെ ഭർത്താവ് ഖത്തറിലാണെന്നും അവിടെ വലിയ ബന്ധങ്ങളുണ്ടെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു. ചികിത്സയ്ക്കിടയിൽ അയക്കാരിയുടെ ഭർത്താവ് മരിച്ചതോടെ യുവതി പണവുമായി മുങ്ങി. നല്ലളത്തുനിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.

2019ൽ മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടര ലക്ഷം രൂപ ചെക്ക് നൽകി തട്ടിപ്പു നടത്തിയതായും പൊലീസിനു വിവരം ലഭിച്ചു. തട്ടിപ്പു കേസിൽ ഭർത്താവ് അബ്ദുൽ ഷിനിയും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇയാൾ ഖത്തറിൽ ലഹരിമരുന്ന് കേസിൽ ജയിലിലാണെന്നാണു പ്രതി അറിയിച്ചത്. പ്രതി പിന്നീട് പന്തീരാങ്കാവിനടുത്തു മുണ്ടുപാലത്തു താമസിച്ചു. പിന്നീടാണു പെരുമണ്ണയിൽ എത്തുന്നത്. അന്വേഷണത്തിൽ സീനിയർ സിപിഒ സുബീഷ്, ഹെഡ് കോൺസ്റ്റബിൾ ഇ.ലൈലബി, സിപിഒ മഞ്ജു എന്നിവരും പങ്കെടുത്തു.

Exit mobile version