Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ യുവാവിന് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ യുവാവ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അർധരാത്രിയോടെ മീഞ്ചന്ത മേൽപാലത്തിന് സമീപമായിരുന്നു അപകടം.

പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക് അവസാന വർഷ വിദ്യാർഥിയാണ് ജോബി. മംഗളൂരുവിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോകുകയായിരുന്നു. കഴിഞ്ഞ 23 ന് ഇൻഡസ്ട്രിയൽ വിസിറ്റിനായി മംഗളൂരുവിലേക്കു പോയതാണ്. അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നോയലിന്റെ ഒപ്പമുണ്ടായിരുന്നവർ സംഭവം അറിഞ്ഞിരുന്നില്ല. ഇവർ എറണാകുളത്തെത്തിയപ്പോൾ അപകടവിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കും

Exit mobile version