Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തരഹിതമായി

താമരശ്ശേരി : താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തരഹിതമായി പാതിവഴിയിൽനിന്നതോടെ ലിഫ്റ്റിൽ കയറിയ രോഗിയും ബന്ധുവും പതിനഞ്ചുമിനിറ്റോളംനേരം അകത്ത് കുടുങ്ങി. തറനിലയിലുള്ള കാഷ്വാലിറ്റിയുടെ ഭാഗത്തുനിന്നും ജനറൽ ഒ.പി.യിലേക്ക് രക്തസമ്മർദം പരിശോധിക്കാനായി പോയ താമരശ്ശേരി സ്വദേശിനിയായ ഒരു വയോധികയും ഒപ്പമെത്തിയ യുവതിയുമാണ് ലിഫ്റ്റിനകത്ത് അകപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം.

തറനിലയിൽനിന്ന്‌ ഉയർന്നുതുടങ്ങി വാതിലിന്റെ മധ്യഭാഗത്തെത്തിയയുടൻ ലിഫ്റ്റ് നിന്നുപോവുകയായിരുന്നു. ഉള്ളിലുണ്ടായിരുന്നവർ അകത്തുനിന്ന് വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട് സുരക്ഷാജീവനക്കാർ ഉടനെ പുറമെയെത്തി പരിഭ്രമിക്കേണ്ടെന്ന് നിർദേശം നൽകി ആശ്വസിപ്പിച്ചു. തുടർന്ന് ആശുപത്രി ജീവനക്കാർ, ലിഫ്റ്റ് സ്ഥാപിച്ച ഏജൻസി അധികൃതരെ ബന്ധപ്പെട്ട് അവരുടെ നിർദേശപ്രകാരം വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് പുറമെനിന്ന് തുറക്കാനുള്ള താക്കോൽ ഉപയോഗിച്ച് ആശുപത്രി ഓഫീസിലെ ഒരു ക്ലാർക്കിന്റെ നേതൃത്വത്തിൽ വാതിൽ തുറക്കുകയും ലിഫ്റ്റിനകത്ത് കുടുങ്ങിയവരെ പുറത്തിറക്കുകയുമായിരുന്നു. തുടർന്ന് ഏജൻസി അധികൃതരെത്തി തകരാർ പരിഹരിക്കുന്നതുവരെ വാതിലിന് കുറുകെ ബെഞ്ചുവെച്ച് ലിഫ്റ്റിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു.

Exit mobile version