Site icon Fourteen Kerala – 14 Kerala News

വടകര ബാങ്കിലെ സ്വർണ തട്ടിപ്പ്; അപ്രൈസറുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമാവും

വടകര : പണയസ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ച് കോടികൾ തട്ടിയ കേസിൽ ബാങ്കിലെ അപ്രൈസറുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമാവും. പ്രതി അറസ്റ്റിലായതോടെ പൊലീസ് തെളിവെടുപ്പിലേക്ക് നീങ്ങി. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷം പൊലീസ് മറ്റു നടപടികളിലേക്ക് കടക്കും. കർണാടകം തെലങ്കാന അതിർത്തിയായ വിതരയിൽവച്ചാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ മാനേജർ മധാ ജയകുമാറിനെ കർണാടകം പൊലീസ് പിടികൂടിയത്.

വടകര പൊലീസ് തെലങ്കാനയിലെത്തി പ്രതിയെ ഇന്നലെ വൈകിട്ടോടെ വടകരയിൽ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി. നിലവിലെ ബാങ്ക് മാനേജർ വി ഇർഷാദാണ് പൊലീസിൽ പരാതി നൽകിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെ ബാങ്കിലെത്തി രജിസ്റ്ററുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം പുറത്തായതോടെ തട്ടിപ്പിന് പിന്നിൽ സോണൽ മാനേജരാണെന്ന ഓഡിയോ ക്ലിപ്പുമായി മധാ ജയകുമാർ രംഗത്തെത്തിയിരുന്നു.

സ്വകാര്യ ധനകാര്യസ്ഥാപനമായ ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് ആണ് സ്വർണം പണയംവച്ചതെന്നും സോണൽ മാനേജരുടെ നിർദേശപ്രകാരമാണ് കാർഷിക ലോൺ അനുവദിച്ചതെന്നുമാണ് വീഡിയോ ക്ലിപ്പിൽ പറഞ്ഞത്. ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടികൾ സ്വർണം പണയം വച്ച് സ്ഥാപനത്തിൽനിന്ന്‌ കടമെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പ്രതി അറസ്റ്റിലായതോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തെത്തും.

Exit mobile version