Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ മകളുടെ കൺമുന്നിൽ അമ്മ ബസ്സിടിച്ച് മരിച്ചു

കോഴിക്കോട് : കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ മകളുടെ കൺമുന്നിൽ അമ്മ ബസ്സിടിച്ച് മരിച്ചു. ഇന്നു രാവിലെയാണ് ബസ്സ് സ്റ്റാൻറിൽ ബസ്സിടിച്ച് അരിക്കുളം സ്വദേശിനിക്ക് ദാരുണാന്ത്യം സംഭവിച്ചത്. അരിക്കുളം കുന്നോത്ത് മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്. രാവിലെ 8 മണിക്കായിരുന്നു അപകടം. നൻമണ്ടയിലുള്ള കുടുംബ വീട്ടിലേക്ക് പോകാനായി കൊല്ലത്തുള്ള മകൾക്കൊപ്പം ബസ്സ് സ്റ്റാൻ്റിലേക്ക് എത്തിയതായിരുന്നു മാധവി. കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്ര റൂട്ടിലോടുന്ന ലൈഫ് ലൈൻ എന്ന ബസ്സാണ് മാധവിയെ ഇടിച്ചത്. ബസ്സ് റോഡിൽ നിന്നും സ്റ്റാൻ്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മാധവി ബസ്സിനടിയിൽപ്പെടുകയായിരുന്നു.

മാധവിയുടെ ദേഹത്തു കൂടി ബസ്സിൻ്റെ ടയർ കയറിയിറങ്ങി സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ ഉടൻ തന്നെ കൊയിലാണ്ടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തുകയും നാട്ടുകാരും കൂടി ചേർന്ന് മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. എ.എസ്.ടി.ഒ. ജോയ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ.അനൂപ് ബി.കെ., ഫയർ ആൻറ് റസ്ക്യൂ ഓഫീസർമാരായ സനൽരാജ്, സിജിത്ത്, ജിനീഷ് കുമാർ, രജിലേഷ്, ലിനീഷ്, ഹോം ഗാർഡ് സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യയാണ് മാധവി. ഷീന, ഷാനി എന്നിവർ മക്കളും ശിവൻ മരുമകനുമാണ്. പരേതരായ ചാത്തു, ആച്ച, ഗോപാലൻ, കുഞ്ഞിക്കേളപ്പൻ എന്നിവർ സഹോദരങ്ങളാണ്.

Exit mobile version