Site icon Fourteen Kerala – 14 Kerala News

വടകരയിലെ കാഫിർ വിവാദം; സ്ക്രീൻഷോട്ട് നിർമിച്ചവർക്കെതിരെ കേസെടുക്കാത്തതിൽ പൊലീസിനെ വിമർശിച്ച് യൂത്ത് ലീഗ്

കോഴിക്കോട്: വടകരയി​ൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചവർക്കെതിരെ കേസെടുക്കാത്തതിൽ ​പൊലീസിനെ വിമർശിച്ച് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴയരിയൂർ. മതവർഗിയത സൃഷ്ടിക്കൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവിനെയും കൂട്ടരെയും മാപ്പ് സാക്ഷിയാക്കാനാണ് ശ്രമമെങ്കിൽ അടിവേര് കണ്ടിട്ടേ അടങ്ങൂവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.

‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. 2024 ഏപ്രിൽ 25ന് വൈകീട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി.

ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോൺ വിശദമായ പരിശോധനക്ക് നൽകിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

Exit mobile version