Site icon Fourteen Kerala – 14 Kerala News

വിരണ്ടോടിയ പോത്ത് വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു, നാടിനെ വിറപ്പിച്ചത് നാലരമണിക്കൂർ

കോഴിക്കോട്: മൊകവൂരിൽ വിരണ്ടോടിയ പോത്ത് വീടിനുള്ളിൽക്കയറി വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെ മൊകവൂർ എടക്കണ്ടി നമ്പോൽച്ചിറക്കലിലാണ് സംഭവം. എരഞ്ഞിക്കൽ സ്വദേശിയുടെ പോത്ത് വിരണ്ടോടി നമ്പോൽചിറക്കലിലെ ബാബുവിന്‍റെ വീടിനടുത്തേക്കെത്തി വീടിന്റെമുന്നിൽ ഇരിക്കുകയായിരുന്ന ബാബുവിന്റെ ഭാര്യ ഷൈനിയെയും അമ്മ സതിയെയും ആക്രമിച്ചു. ഷൈനി ഒഴിഞ്ഞുമാറിയെങ്കിലും അമ്മയ്ക്ക് കുത്തേറ്റു. തെറിച്ചുവീണ സതിക്ക്‌(75) തലയ്ക്ക് പരിക്കേറ്റു. വീടിനുള്ളിൽക്കയറിയ പോത്ത് വീണ്ടും അക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ ബിജു പോത്തിനെ പിന്നിൽനിന്ന് അടിച്ചു.

ഉടനെ പുറത്തേക്കോടിയതിനാൽ ഗുരുതര പരിക്കേറ്റില്ലെന്ന് പരിസരവാസികൾ പറഞ്ഞു. സതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന ചന്ദ്രപ്രഭനെയും പോത്ത് അക്രമിച്ചു. ഇയാളുടെ കാലിനാണ് പരിക്കേറ്റത്. റോഡരികിൽ നിർത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങൾ മറിച്ചിട്ടു. നമ്പോൽ വേലായുധന്‍റെ വീടിന്റെ പരിസരത്തുനിന്ന പോത്തിനെ ഉടമസ്ഥരും ഫയർഫോഴ്സും വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

പഴയ ഉടമയും ഒപ്പമെത്തിയ പയ്യോളി സ്വദേശി ഇസ്മയിലുമാണ് നാലരമണിക്കൂറിനുശേഷം പോത്തിനെ പിടിച്ചുകെട്ടിയത്. കുറച്ചുദിവസങ്ങൾക്കുമുമ്പാണ് എരഞ്ഞിക്കൽ സ്വദേശി പോത്തിനെ വാങ്ങിയത്. നവജ്യോതി റെസിഡൻറ്സ് അസോസിയേഷൻ പ്രതിനിധിയായ രാഗേഷ് വാട്സാപ്പ് ഗ്രൂപ്പിൽ മുന്നറിയിപ്പ് നൽകിയതിനാലാണ് കൂടുതൽ അപകടങ്ങൾ ഒഴിവായതെന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന യൂണിറ്റ് അറിയിച്ചു.

Exit mobile version