Site icon Fourteen Kerala – 14 Kerala News

രണ്ട് ദിവസമായി ഒരാൾപോലും ടിക്കറ്റെടുത്തില്ല; ഓട്ടം നിർത്തി നവകേരള ബസ്

കോഴിക്കോട്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല. ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്.

ആധുനിക രീതിയിൽ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു.

ശുചിമുറി, വാഷ്ബേസിന്‍, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാൽ ഈ സംവിധാനങ്ങളും ഉയർന്ന നിരക്കും ആളുകളെ ആകർഷിച്ചില്ല. നവകേരള ബസ് കട്ടപ്പുറത്താകാതെ സംരക്ഷിക്കേണ്ടത് കെഎസ്ആർടിസിയുടെ മാത്രമല്ല സർക്കാരിന്റെ കൂടി അഭിമാന പ്രശ്നമാണ്. വിഷയത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാർ ഇടപെടുമെന്നാണ് വിവരം.

Exit mobile version