വടകര: ദേശീയ പാതയിൽ മൂരാട് ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് സമീപം മണ്ണിടിച്ചിലിൽ വൈദ്യുതിത്തൂണടക്കം നിലംപതിച്ചു.
രാവിലെ ഏഴുമണിയോടെയാണ് ദേശീയപാതയുടെ നിർമാണം നടക്കുന്ന ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. വലിയ മൺതിട്ടകളും കല്ലും അടുത്തിടെ മാറ്റിസ്ഥാപിച്ച വൈദ്യുതിത്തൂണും ദേശീയപാതയിലേക്ക് പതിച്ചു.20 മീറ്ററോളം ഭാഗം ഇടിഞ്ഞുതാഴുകയുണ്ടായി. സാധാരണയായി ദീർഘദൂര വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്താണ് മണ്ണും കല്ലും പതിച്ചത്.സംഭവം നടക്കുമ്പോൾ വാഹനങ്ങൾ ഈ ഭാഗത്ത് പാർക്ക് ചെയ്യാത്തതിനാൽ അപകടം ഒഴിവായി. മണ്ണിടിച്ചിലുണ്ടായ ഭാഗത്തിന് പുറമെ മറ്റിടങ്ങളിലും വിള്ളലുകൾ ഉണ്ടായിരുന്നു. ഈ ഭാഗത്ത് അപകടം പതിയിരിക്കുന്നുണ്ടെന്നും വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.