Site icon Fourteen Kerala – 14 Kerala News

ഇരുതുള്ളിപ്പുഴയിലെ ദുർഗന്ധം: അധികൃതർ പരിശോധന നടത്തി

താമരശ്ശേരി : ഇരുതുള്ളിപ്പുഴയിലെ വെള്ളത്തിന് കഴിഞ്ഞ ഏതാനുംദിവസമായി അസഹനീയമായ ദുർഗന്ധമനുഭവപ്പെടുന്നതായുള്ള പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അധികൃതരും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽനിന്നുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടത്തായി, കരിങ്ങമണ്ണ, അണ്ടോണ ഭാഗങ്ങളിലെ പുഴയിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

താമരശ്ശേരി ടൗണിലേക്കും ആയിരക്കണക്കിന് കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന ജലനിധിപദ്ധതിയുടെ പമ്പ് ഹൗസും കിണറും നിലനിൽക്കുന്ന പ്രദേശത്തെ പുഴയിലെ വെള്ളത്തിനാണ് കഴിഞ്ഞ ഏതാനുംദിവസമായി ദുർഗന്ധം അനുഭവപ്പെട്ടത്. ദുർഗന്ധം രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാരും മുസ്‌ലിംലീഗ് വാർഡ് കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്ത് സെക്രട്ടറിക്കും ആരാഗ്യവകുപ്പ് അധികൃതർക്കും പരാതിയും നൽകിയിരുന്നു.

പുഴയിൽനിന്നും ശേഖരിച്ച ജലസാംപിൾ പരിശോധനയ്ക്ക് അയക്കുമെന്നും പരിശോധനാറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അറിയിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.എ. അനിൽകുമാർ, ഷംസിദ ഷാഫി, പഞ്ചായത്ത് സെക്രട്ടറി ഫവാസ്, ഹെൽത്ത് ഇൻസ്പെക്ടർ വി. സമീർ, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജെ.എച്ച്.ഐ. ഗിരീഷ്, നീതു എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.

Exit mobile version