Site icon Fourteen Kerala – 14 Kerala News

വിദ്യാർഥിക്കുനേരെ ക്രൂരമർദനം, പ്രതി പിടിയിൽ

കടയ്ക്കൽ: വിദ്യാർഥിയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ചിതറ കിഴക്കുംഭാഗം ബൗണ്ടർമുക്ക് ഷിജുവിനെയാണ് (കൊട്ടിയം ഷിജു-48) ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഷിബു(35)വിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഒരുമാസംമുമ്പ് ബൗണ്ടർമുക്ക് ജങ്‌ഷനിലായിരുന്നു സംഭവം. മൂന്നുമുക്ക് സജീർ മൻസിലിൽ മുസമ്മിലി(18)നെയാണ് മർദിച്ചത്. യന്ത്രത്തകരാറിനെത്തുടർന്ന് വഴിയിലായ ബസിൽനിന്ന്‌ മുസമ്മിൽ ഉൾപ്പെടെയുള്ള യാത്രക്കാർ പുറത്തിറങ്ങി നിൽക്കുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ വഴിമാറാൻ ആവശ്യപ്പെട്ടു.തുടർന്ന് കൊട്ടിയം ഷിജുവിനെ അറിയില്ലേയെന്നു ചോദിച്ച് മുസമ്മിലിനെ മർദിക്കുകയായിരുന്നു. തലയ്ക്കും ശരീരമാസകലവും പരിക്കേറ്റ് അവശനിലയിലായ മുസമ്മിലിനെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒളിവിലായിരുന്ന ഷിജുവിനെ കൊട്ടിയത്തെ ബന്ധുവീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇൻസ്പെക്ടർ പി.ശ്രീജിത്ത്, എസ്.ഐ.മാരായ സുധീഷ്, രശ്മി, സി.പി.ഒ.മാരായ അനീഷ്, ഫൈസൽ സനൽ, വിശാഖ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version