Site icon Fourteen Kerala – 14 Kerala News

ഉറ്റവരിൽനിന്നകന്നുകഴിഞ്ഞത് 18 വർഷം, മോർച്ചറിയിൽ മൂന്നുമാസം, ഒടുവിൽ സലിം ‘മടങ്ങി’; സനാഥനായി

കൊല്ലം: ഉറ്റവരിൽനിന്നകന്നുകഴിഞ്ഞ 18 വർഷങ്ങൾ. മരിച്ച് അജ്ഞാതനായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ മൂന്നുമാസം. ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്ക്‌. സലിം എന്ന പേരിൽമാത്രം ഒതുങ്ങിയിരുന്ന ആ അജ്ഞാതൻ ‘സനാഥ’നായത് കഴിഞ്ഞദിവസമാണ്. ഭാര്യയും മകനും സഹോദരനും എത്തി തിരിച്ചറിഞ്ഞതോടെ ബുധനാഴ്ച സലിമിന്റെ മൃതദേഹം കോഴിക്കോട് കാന്തപുരത്തേക്ക് കൊണ്ടുപോയി.

വഴിയരികിൽ അവശനിലയിൽ കണ്ട അജ്ഞാതനെ മാസങ്ങൾക്കുമുൻപാണ് പോലീസ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സലിം എന്ന പേരുമാത്രമാണ് ആശുപത്രി രേഖകളിലുണ്ടായിരുന്നത്. ബന്ധുക്കളാരുമില്ലാത്തതിനാൽ ആശുപത്രി ജീവനക്കാർ വേണ്ട സഹായങ്ങളെല്ലാം ചെയ്തു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ദിവസങ്ങൾക്കകം സലിം മരിച്ചു. ബന്ധുക്കളെത്തിയാൽ വിട്ടുകൊടുക്കാനായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. മാസങ്ങളായിട്ടും ആരുമെത്താത്തതിനാൽ മൃതദേഹം പിന്നീട് പഠനാവശ്യത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിക്ക് കൈമാറി.
ജില്ലാ ആശുപത്രി ജീവനക്കാർ സലിമിന് നൽകിയ സഹായങ്ങളെപ്പറ്റിയും മൃതദേഹം കൈമാറിയതിനെപ്പറ്റിയും അറിഞ്ഞ ബന്ധുവും പൊതുപ്രവർത്തകയുമായ ബുഷറ കൊല്ലത്തെ മദീന ഒ.ഐ.സി.സി. വെൽഫെയർ സെക്രട്ടറി നിഷാദുമായി ബന്ധപ്പെട്ടു. മദ്രസാധ്യാപകനായ കാന്തപുരം ഉണ്ണികുളം മുണ്ടോച്ചാലിൽവീട്ടിൽ സലിമിനെ 18 വർഷംമുൻപ്‌ കാണാതായിരുന്നു. ഇതുസംബന്ധിച്ച് പോലീസിൽ അന്ന് പരാതിയും നൽകി. പിന്നീട് വീട്ടുകാർ സ്വന്തംനിലയിലും പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഭാര്യ മൈമൂനയും മകൻ നിസാമുദ്ദീനും സഹോദരൻ അബ്ദുൾ സമദും കഴിഞ്ഞദിവസം കൊല്ലത്തെത്തി മൃതദേഹം സലിമിന്റേതാണെന്ന്‌ തിരിച്ചറിഞ്ഞു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ പി.ഹരിലാലും നിഷാദും ഡി.സി.സി.സെക്രട്ടറി ഫൈസൽ കുളപ്പാടവും കുടുംബത്തിന് സഹായവുമായി ഒപ്പംനിന്നു. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി വിട്ടുകൊടുത്ത ആംബുലൻസിൽ ബുധനാഴ്ച ഉച്ചയ്ക്ക് മൃതദേഹം കാന്തപുരത്തേക്ക് കൊണ്ടുപോയി. കാന്തപുരം കൊയ്‌ലോത്തുകണ്ടി ജമാഅത്ത് കബറിസ്താനിലാണ് കബറടക്കം.

Exit mobile version