Site icon Fourteen Kerala – 14 Kerala News

നാട്ടുകാരില്‍നിന്ന് ശേഖരിക്കും, സ്വന്തം വാഹനത്തില്‍ സൗജന്യ കുടിവെള്ള വിതരണം; മാതൃകയാണ് പവിത്രന്‍

വടകര : പതിയാരക്കരയ്ക്ക് ശബ്ദവും വെളിച്ചവും മാത്രമല്ല, വെള്ളവും നല്‍കുകയാണ് പവിത്രന്‍. അതും സ്വന്തംചെലവില്‍ തീര്‍ത്തും സൗജന്യമായി. നാടാകെ കുടിവെള്ളക്ഷാമത്തില്‍ വലയുന്ന ഘട്ടത്തിലാണ് പതിയാരക്കരയിലെ എക്കോ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ വിലങ്ങില്‍ത്താഴ പവിത്രന്‍ വെള്ളവുമായി നാടുചുറ്റുന്നത്. 1500 ലിറ്ററിന്റെ ടാങ്കില്‍ വെള്ളം നിറച്ച് ദിവസം രണ്ടുതവണയാണ് വിതരണം ചെയ്യുന്നത്. വാഹനം സ്വന്തമായുണ്ട്. കുടിവെള്ളം സൗജന്യമായി നല്‍കുന്നത് കിണറില്‍ ആവശ്യത്തിന് വെള്ളമുള്ള നാട്ടുകാരാണ്. വാഹനം ഓടിക്കുന്നതും എണ്ണച്ചെലവുമെല്ലാം വഹിക്കുന്നതും പവിത്രന്‍തന്നെ. സഹായത്തിനായി സുഹൃത്ത് കെ.വി. ബാബുവും കൂടെയുണ്ടാകും.

സാമ്പത്തികപ്രയാസമില്ലാത്തവര്‍ക്ക് കഴിഞ്ഞവര്‍ഷം പണം ഈടാക്കി വെള്ളം നല്‍കിയിരുന്നു. ആ സമയത്ത്, കുടിവെള്ളക്ഷാമം നേരിടുന്ന സാധാരണക്കാരായ ഒട്ടേറെപ്പേര്‍ വെള്ളം കിട്ടുമോയെന്ന് അന്വേഷിച്ചിരുന്നു. ആ ചോദ്യം മനസ്സിലുണ്ട്. അങ്ങനെയാണ് ഇത്തവണ സൗജന്യവിതരണത്തിന് ഇറങ്ങിയതെന്ന് അദ്ദേഹം പറയുന്നു.മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര വലിയപറമ്പത്ത് ഭാഗം, പാമ്പേരിഭാഗം എന്നിവിടങ്ങളിലെ നൂറിലേറെ കുടുംബങ്ങള്‍ക്കാണ് മൂന്നുദിവസമായി കുടിവെള്ളം നല്‍കുന്നത്. കുടിവെള്ളക്ഷാമമനുഭവിക്കുന്ന മറ്റു പ്രദേശങ്ങളിലും വെള്ളമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ജലനിധി കണക്ഷനെടുത്ത വീട്ടുടമകള്‍ക്ക് ആഴ്ചയില്‍ ഒരിക്കലേ വെള്ളം ലഭിക്കുന്നുള്ളൂ. കുറുവം വള്ളിഭാഗം, പാമ്പേരി തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.

ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ വടകര മേഖലാ ഖജാന്‍ജിയായ പവിത്രന്‍ മികച്ച കര്‍ഷകനാണ്. കോവിഡ്കാലത്ത് വാടക സ്റ്റോര്‍ പ്രവര്‍ത്തിക്കാതായതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. തണ്ണിമത്തനും ഷമാമുമൊക്കെ പവിത്രന്റെ തോട്ടത്തിലുണ്ട്.

Exit mobile version