Site icon Fourteen Kerala – 14 Kerala News

പിതാവ് കൊലപ്പെടുത്തിയ ഗോപികയുടെ പത്താംക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും

പയ്യോളി: ഒരുമാസംമുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികയുടെ ഉന്നതവിജയത്തില്‍ ആഹ്ലാദംപങ്കിടാന്‍ ആരുമില്ല. എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്. പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം അച്ഛന്‍ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കുസമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മിനിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി മരിച്ചത്. ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു.

720 പേര്‍ പരീക്ഷയെഴുതിയ പയ്യോളി ടി.എസ്. ജി.വി.എച്ച്.എസ്. സ്‌കൂളിലെ ഫലം വന്നപ്പോള്‍ എല്ലാവരും അന്വേഷിച്ചത് ഗോപികയുടെ റിസള്‍ട്ടായിരുന്നു. ഗോപികയുടെ വിജയം പ്രതീക്ഷിച്ചതാണ്. എങ്കിലും ആ വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനാജനകമായ അനുഭവമായി.

പരീക്ഷകഴിഞ്ഞ് അവധിക്കാലമാഘോഷിക്കാന്‍ ഒരുങ്ങവേയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.ഗോപികയുടെ അമ്മ സ്വപ്ന മൂന്നുവര്‍ഷംമുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്.ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ സര്‍ക്കാര്‍വിദ്യാലയത്തില്‍പെടുന്നതാണ് പയ്യോളി ഗവ. സ്‌കൂള്‍. തുടര്‍ച്ചയായ രണ്ടാംതവണയാണ് 100 ശതമാനം വിജയം.
153 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു.ഒമ്പതുവിഷയങ്ങളില്‍ നൂറോളംപേര്‍ എ പ്ലസും നേടി.

Exit mobile version