Site icon Fourteen Kerala – 14 Kerala News

ഗള്‍ഫില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതി; പോലീസ് കേസെടുത്തു, ‘ഒതുക്കിത്തീര്‍ക്കാന്‍ 25ലക്ഷം വാഗ്ദാനം’

നാദാപുരം: അജ്മാനില്‍വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാദാപുരം സ്വദേശിയുടെപേരില്‍ പോലീസ് കേസെടുത്തു. നാദാപുരം തൂണേരി സ്വദേശി അഹമ്മദ് അബ്ദുള്ളയുടെ പേരിലാണ് ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നാദാപുരം പോലീസ് കേസെടുത്തത്.

എറണാകുളം സ്വദേശിയായ ഇരുപത്തിയേഴുകാരിയാണ് പരാതി നല്‍കിയത്. ബിസിനസ് ആവശ്യാര്‍ഥം വിളിച്ചുവരുത്തി അജ്മാന്‍ ബ്ലാക്ക് റമദ ഹോട്ടല്‍മുറിയില്‍വെച്ച് ബലാത്സംഗംചെയ്‌തെന്നാണ് പരാതി. പീഡനശ്രമം ചെറുത്തപ്പോള്‍ മണിക്കൂറുകളോളം മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതായും യുവതി നാദാപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഫെബ്രുവരി ആദ്യമാണ് സംഭവം നടന്നത്. പ്രതിയുടെ ഭീഷണികാരണമാണ് പരാതി വൈകിയത്. പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ 25 ലക്ഷം രൂപ നാദാപുരം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ മുഖേന തനിക്ക് ഓഫര്‍ നല്‍കിയതായി പരാതിക്കാരി പറഞ്ഞു. അതിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പ്രതി പീഡിപ്പിച്ചതായും യുവതി പറയുന്നു. ദുബായിയില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെ ബന്ധുക്കളും പ്രതിയും തമ്മില്‍ ഒന്നിച്ച് ബിസിനസ് നടത്തുന്നുണ്ട്. നാദാപുരം ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശാണ് കേസ് അന്വേഷിക്കുന്നത്.

Exit mobile version