Site icon Fourteen Kerala – 14 Kerala News

കടയടപ്പ് സമരം; വ്യാപാര-വാണിജ്യ മേഖല നിശ്ചലം

കോഴിക്കോട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കടകളടച്ച് നടത്തിയ പ്രതിഷേധം ജില്ലയിൽ ഏതാണ്ട് പൂർണം. നഗരത്തിലെ പ്രധാനവീഥികളിൽ തൊണ്ണൂറുശതമാനം കടകളും അടഞ്ഞുകിടന്നു. വർധിപ്പിച്ച ഫീസുകളും അന്യായമായ പിഴയും നിർത്തലാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് കടയടപ്പ് സമരം. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, വലിയങ്ങാടി ഫുഡ് ഗ്രെയിൻസ്, ടിമ്പർ മർച്ചന്റ്, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനുകൾ എന്നിവയും സമരത്തിന് പിന്തുണ നൽകി. പലയിടത്തും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് മെഡിക്കൽഷോപ്പുകൾ പകൽ 11 മണിവരെ അടച്ചു. മിഠായിത്തെരുവും വലിയങ്ങാടിയുംപോലുള്ള പ്രധാന വാണിജ്യകേന്ദ്രങ്ങൾ അടഞ്ഞുകിടന്നു. മുനിസിപ്പാലിറ്റി-പഞ്ചായത്ത് മേഖലകളിലും കടയടപ്പ് ഏതാണ്ട് പൂർണമായിരുന്നു.

ജില്ലയിൽ തൊണ്ണൂറുശതമാനം വ്യാപാരസ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയ സമരം പ്രതീക്ഷിച്ചപോലെ വിജയമായിരുന്നെന്ന് വ്യാപാര വ്യവസായി ഏകോപനസമിതി ജില്ലാസെക്രട്ടറി സലീം രാമനാട്ടുകര പറഞ്ഞു. വ്യാപാരികളുടെ മൂലധനശോഷണത്തിനും തകർച്ചയിൽ എത്തിക്കുന്ന നിരക്കുകൾക്കുമെതിരേ ഒറ്റക്കെട്ടായ പ്രതിഷേധമാണ് ജില്ലയിൽ കാണാൻ കഴിഞ്ഞതെന്ന് ജില്ലാ ട്രഷറർ വി. സുനിൽകുമാർ പറഞ്ഞു. ജില്ലാപ്രസിഡന്റ് അഷറഫ് മൂത്തേടത്തിന്റെയും ജന. സെക്രട്ടറി ജിജി കെ. തോമസിന്റെയും നേതൃത്വത്തിൽ ജില്ലയിലെ വ്യാപാരികളുടെ സംഘം തിരുവനന്തപുരത്തെ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തു. യൂത്ത് വിങ് ജില്ലാസെക്രട്ടറി ഹുക്മത്ത് വലിയങ്ങാടിയുടെ നേതൃത്വത്തിൽ വലിയങ്ങാടിയിലെ വ്യാപാരികൾ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.

Exit mobile version