Site icon Fourteen Kerala – 14 Kerala News

വയനാട് മൂടക്കൊല്ലിയില്‍ നിരോധനാജ്ഞ ; കടുവക്കായി തിരച്ചില്‍ ഊര്‍ജിതം

വയനാട് : വയനാട്ടില്‍ ക്ഷീരകര്‍ഷകൻ പ്രജീഷിനെ കൊന്ന നരഭോജി കടുവക്കായി ചൊവ്വാഴ്ചയും തിരച്ചില്‍ ഊര്‍ജിതമാക്കി. വനമേഖലയോടു ചേര്‍ന്ന മാരമല കോളനി ഭാഗത്ത് രാവിലെ വീട്ടമ്മ കടുവയെ കണ്ടതായി അറിയിച്ചതോടെ സംഘങ്ങളായി വനമേഖലയിലടക്കം മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. എന്നാല്‍, കടുവയെ കണ്ടെത്താനായില്ല. മൂന്നു കിലോമീറ്റര്‍ ദൂരത്തിലുള്ള വന പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും റാപിഡ് റെസ്പോണ്‍സ് ടീമിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

പൂതാടി പഞ്ചായത്തിലെ 11ാം വാര്‍ഡ് മൂടക്കൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവക്കായി തിരച്ചില്‍ തുടങ്ങിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ നിര്‍ദേശം നല്‍കി. വയനാട് സൗത്ത് ഡി.എഫ്.ഒ ഷജ്ന കരീം, ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. ജിനേഷ് മോഹൻദാസ് തുടങ്ങിയവരാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഡ്രോണ്‍ കാമറ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

36 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും കടുവയുടെ ദൃശ്യം കഴിഞ്ഞ ദിവസംവരെ പതിഞ്ഞിട്ടില്ല. മൂടക്കൊല്ലി, കൂടല്ലൂര്‍ ഭാഗങ്ങളിലെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച്‌ കഴിഞ്ഞദിവസം രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. വനംവകുപ്പിന്റെ 60ഓളം വരുന്ന സംഘമാണ് തിരച്ചിലിനുള്ളത്.

Exit mobile version