Site icon Fourteen Kerala – 14 Kerala News

ഗ്രീൻഫീൽഡ് ഹൈവേ: ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് ഉപരോധിച്ചു

കോഴിക്കോട് : ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്കായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് പെരുമണ്ണ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് ഉപരോധിച്ചു. നിലവിൽ പ്രഖ്യാപിച്ച തുക കുറയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. മലപ്പുറം, പാലക്കാട് ജില്ലകളിൽ നൽകുന്ന അതേനിരക്കിലേക്ക് കോഴിക്കോട് ജില്ലയിലും നഷ്ടപരിഹാരം കുറയ്ക്കനാണ് ശ്രമം.

മലപ്പുറത്തും പാലക്കാടും ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയേക്കാൾ ഏറെകൂടുതലാണ് കോഴിക്കോട് ഏറ്റെടുക്കുന്ന ഭൂമിയുടേത്. ദേശീയപാതയോരത്തെ ഭൂമിയാണ് കോഴിക്കോട് ഏറ്റെടുക്കുന്നതിലേറെയും. ഇതു പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥ തലത്തിൽ അന്യായമായി തുക കുറയ്ക്കാൻ ശ്രമമെന്നാണ് ആക്ഷേപം.

ദിനേശ് പെരുമണ്ണ, പി. മൊയ്തീൻ, എം.പി. മജീദ്, എ.പി. പീതാംബരൻ, മുജീബ് പുനത്തിൽ, വി.പി. അസൈനാർ, സലാം മുണ്ടുപാലം, പഞ്ചായത്ത് അംഗങ്ങളായ വി.പി. കബീർ, കെ.കെ. ഷമീർ, കെ.പി. രാജൻ, എം. ഷമീറ, രമ്യ തട്ടാരിൽ, ഇ. നാസില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തുനീക്കി.

Exit mobile version