Site icon Fourteen Kerala – 14 Kerala News

മാലിന്യംതള്ളാനെത്തിയ വാഹനം പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് : പള്ളിക്കണ്ടി റോഡിൽ കല്ലായിപ്പുഴയിൽ മാലിന്യംതള്ളാൻ കൊണ്ടുവന്ന ലോറി ചെമ്മങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ആറുമണിയോടെയാണ് മാലിന്യവുമായി എത്തിയ വാഹനം കല്ലായിപ്പുഴ സംരക്ഷണസമിതി തടഞ്ഞത്. രണ്ടാഴ്ചകൾക്കുമുമ്പ് മാലിന്യവുമായി വന്ന വാഹനങ്ങൾ പിടികൂടിയ അതേസ്ഥലത്തുനിന്നാണ് വീണ്ടും പിടികൂടിയത്.

പുഴ കൈയേറിയസ്ഥലത്ത് മാലിന്യം സൂക്ഷിച്ച് രാത്രിസമയത്ത് പുഴയിലേക്ക് വലിച്ചെറിയുന്നത് പതിവായതോടെ പുഴതീരം സംരക്ഷണസമിതി നിരീക്ഷണത്തിലായിരുന്നു. നേരത്തേ വാഹനങ്ങൾ പിടികൂടിയിട്ടും വീണ്ടും മാലിന്യവുമായി അതേസ്ഥലത്ത് കൊണ്ടുവരുന്നതിനുപിന്നിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന്‌ കല്ലായിപ്പുഴ സംരക്ഷണസമിതി ആരോപിച്ചു. പുഴയുടെതീരത്ത് മാലിന്യംതള്ളുന്ന സ്ഥലം ക്ലീൻസിറ്റി മാനേജറും ഹെൽത്ത് സൂപ്പർവൈസറുമായ ബെന്നി മാത്യു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എസ്. ഡൈസൺ, സുനിൽകുമാർ കെ.വി. എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിൽത്തന്നെ പരിശോധന നടത്തി.

Exit mobile version