Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടി ടൗണിൽ മൂന്ന് കടകളുടെ പൂട്ടുതുറന്ന് മോഷണം

കോഴിക്കോട് : കുറ്റ്യാടി ടൗണിൽ മൂന്ന് കടകളുടെ പൂട്ടുതുറന്ന് മോഷണം. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ബുക്ക് മാർട്ട്, സമീപത്തെ ഹൈറൽ മദീന സ്റ്റേഷനറി, പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ഡി.ഡി. ബുക്സ് സ്റ്റാൾ എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ 1.40-നും 3.15-നും ഇടയിൽ മോഷണം നടന്നത്. ഡി.ഡി. ബുക്സ് സ്റ്റാളിൽനിന്ന് പതിനെട്ടായിരം രൂപയും ഹൈറൽ മദീന സ്റ്റേഷനറിയിൽനിന്ന് 500 രൂപയുമാണ് മോഷണം പോയത്. ബുക്ക് മാർട്ടിൽനിന്ന് നാല് ബാഗും രണ്ട് കുടയും മോഷണം പോയിട്ടുണ്ട്.

ബുക്ക് സ്റ്റാളുകളിലും പുതിയ ബസ് സ്റ്റാൻഡിന് സമീപവും സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളിൽ രണ്ട് മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ബുക് സ്റ്റാളിൽ 1.40-ന് മോഷ്ടാക്കൾ എത്തിയശേഷം പൂട്ട് കമ്പി ഉപയോഗിച്ച് തുറന്ന് അകത്തുകയറുകയായിരുന്നു. മേശവലിപ്പുകൾ തുറന്നുനോക്കിയെങ്കിലും പണം സൂക്ഷിച്ചിരുന്നയിടം കണ്ടെത്താൻ കഴിഞ്ഞില്ല. ഹൈറൽ മദീന സ്റ്റേഷനറിയുടെ പൂട്ടുതുറന്ന് അഞ്ഞൂറുരൂപ മോഷ്ടിച്ചു.

തിരിച്ചുവന്ന് ആദ്യം മോഷണം നടത്തിയ കടയുടെ പുറത്തുള്ള സി.സി.ടി.വി. ക്യാമറകളിലൊന്ന് കമ്പി ഉപയോഗിച്ച് തിരിച്ചുവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മോഷ്ടാക്കൾ സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യബസുകളിൽ കയറിയിറങ്ങുന്നതായി മറ്റൊരു ഭാഗത്തെ സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version