Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് അമ്മായിയമ്മയെ മരുമകള്‍ മുറിയില്‍ പൂട്ടിയിട്ടു; പിന്നാലെ പോലീസ് ‘സഖി’യിലേക്ക് മാറ്റി

കോഴിക്കോട് : കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് മരുമകള്‍ ഭര്‍ത്തൃമാതാവിനെ ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടു. പോലീസെത്തി രക്ഷിച്ചു. വി.കെ. റോഡിലെ 85 വയസ്സുകാരിയെയാണ് തടവിലാക്കിയത്. ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം.

എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ആര്‍. അരുണ്‍, എ.എസ്.ഐ. സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തുമ്പോള്‍ വീടിന്റെ ഗെയിറ്റും മുറികളും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. വയോധിക ബഹളംവെച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. പോലീസ് മുറി തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും വീട്ടുകാര്‍ ആദ്യം തയ്യാറായില്ല. പിന്നീട് ഏറെ പണിപ്പെട്ടാണ് മുറി തുറപ്പിച്ചത്.

മക്കളാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് വയോധികയെ സിവില്‍സ്റ്റേഷനിലെ ‘സഖി’യിലേക്ക് മാറ്റി. മകനും ഭാര്യയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഭവം. കോടതിയുടെ ഉത്തരവ് പ്രകാരമാണ് മരുമകള്‍ ഇവിടെ താമസം തുടങ്ങിയത്. ആയുധമുപയോഗിച്ച് മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് വയോധിക പരാതിപ്പെട്ടു.

Exit mobile version