Site icon Fourteen Kerala – 14 Kerala News

വൻ കഞ്ചാവ് വേട്ട; കോട്ടയത്ത് രണ്ടിടങ്ങളിലായി മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായി വിൽപനയ്ക്കായി എത്തിച്ച കഞ്ചാവുമായി മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിയായ യുവാവും രണ്ട് അതിഥി തൊഴിലാളുകളുമാണ് കഞ്ചാവുമായി പിടിയിലായത്. നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ഒന്നേ കാൽ കിലോ കഞ്ചാവുമായി മലയാളി യുവാവിനെ പിടികൂടിയത്. തലയോലപ്പറമ്പിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കളിൽ നിന്ന് ഒന്നേ മുക്കാൽ കിലോ കഞ്ചാവും പിടികൂടി.

തിരുവല്ല കവിയൂർ സ്വദേശി സി.വി.അരുൺമോനെയാണ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവുമായി എക്സൈസ് സംഘം പിടിച്ചത്. വിദ്യാർഥികൾക്കിടയിൽ വിൽപന നടത്താനാണ് അരുൺ കഞ്ചാവ് കൊണ്ടു വന്നതെന്ന് എക്സൈസ് പറയുന്നു. ബാഗിൽ കഞ്ചാവുമായി എത്തിയ അരുൺ എക്സൈസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടിക്കുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു.

കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ.ചെറിയാനും സംഘവുമാണ് അരുണിനെ അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് വരിക്കാംകുന്ന് നീർപ്പാറയിൽ നിന്നാണ് ഇതര സംസ്ഥാന തൊഴിലാളികളായ ജൽഹക്ക്, അക്ബർ എന്നിവിൽ പിടിയിലായത്. ഹഖ് ആസാം സ്വദേശിയും അക്ബർ ബംഗാൾ സ്വദേശിയുമാണ്.

കഞ്ചാവ് സഞ്ചിയിലാക്കി കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ഒന്നേ മുക്കാൽ കിലോ കഞ്ചാവിനൊപ്പം കഞ്ചാവ് വിറ്റു കിട്ടിയ 8155 രൂപയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുകേസിലുമായി പിടിയിലായ മൂന്ന് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

Exit mobile version