Site icon Fourteen Kerala – 14 Kerala News

നിപ്പ പ്രതിരോധം; ഓമശ്ശേരിയിൽ പ്രത്യേക യോഗം ചേർന്നു

ഓമശ്ശേരി: ജില്ലയിൽ നിപ വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ പ്രത്യേക യോഗം ചേർന്നു. ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി അബ്‌ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. ഈ മാസം 24 വരെ നിയന്ത്രണങ്ങളുണ്ടാവും. ഇക്കാലയളവിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ ഒഴിവാക്കും.

മുൻകൂട്ടി നിശ്ചയിച്ച വിവാഹം പോലുള്ള ചടങ്ങുകളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കും. കലാ-സാംസ്കാരിക-കായിക പരിപാടികൾ മാറ്റിവെക്കും. പൊതു യോഗങ്ങളുൾപ്പടെയുള്ള പൊതു പരിപാടികൾ അനുവദിക്കില്ല. ജനങ്ങളിൽ ഭീതി പരത്തുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പനിയുൾപ്പടെ ലക്ഷണങ്ങളുള്ളവർ സ്വയം ചികിൽസിക്കാതെ കുടുംബാരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്യണമെന്നും യോഗം അഭ്യർഥിച്ചു.

Exit mobile version