Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകന്

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ 24കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതുവരെ നാലുപേർക്കാണ് നിപ സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയിലെ നിപ ബാധിതരുടെ സമ്പർക്കപ്പട്ടിക 789 ആയി ഉയർന്നെന്ന് ജില്ലാ കലക്ടർ എ.ഗീത അറിയിച്ചു. സ്വകാര്യ ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയെന്നും 11 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. ആകെ 20 പേരാണ് ചികിത്സയിലുള്ളത്. വീട്ടിൽ ഐസൊലേഷനിലുള്ള മൂന്ന് പേർക്ക് പനിയുണ്ട്. 4 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 30ന് മരിച്ച ആദ്യ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തന്നെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. 313 വീടുകളിൽ സർവ്വെ നടത്തിയെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

രോഗബാധിതനായ 9 വയസുകാരന്റെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച സാഹചര്യത്തില്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്ന് മന്ത്രി പറഞ്ഞു.

Exit mobile version