Site icon Fourteen Kerala – 14 Kerala News

ജൂവലറി ഉടമയുടെ വീട്ടിൽ മോഷണം; 40 പവൻ സ്വർണാഭരണം നഷ്ടപ്പെട്ടു

കോഴിക്കോട് : പാളയത്തെ ക്ലാസിക് ജൂവലറി ഉടമ മുഹമ്മദ് ബഷീറിന്റ ജയിൽറോഡിലെ വീട്ടിൽനിന്ന് 40 പവൻ ആഭരണം മോഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി ഒന്പതരയോടെ വീട്ടിലെ എല്ലാവരും ഒരു പരിപാടിക്കായി പുറത്തേക്കുപോയിരുന്നു. രാത്രി 12.30-തോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്. കസബ പോലീസെത്തി പരിശോധനനടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനനടത്തി.

വീടിന്റെ മുകൾനിലയിലെ വാതിലിലൂടെയാണ് മോഷ്ടാവ് ഉള്ളിൽക്കയറിയത്. വാതിലുകൾ തകർ‍ത്തിട്ടില്ല. മൂന്നു മുറികളിലാണ് മോഷ്ടാവ് കയറിയിട്ടുള്ളത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാരകൾ പൂർണമായും തകർത്തിട്ടുണ്ട്. 18 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നെന്ന്‌ മുഹമ്മദ് ബഷീർ പറഞ്ഞു. വീട്ടിലെ സി.സി.ടി.വി.യിൽനിന്ന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, തല മറച്ചനിലയിലാണ്. പ്രതിയെ പിടികൂടാനുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Exit mobile version