Site icon Fourteen Kerala – 14 Kerala News

ദമ്പതികള്‍ ചമഞ്ഞ് വീട് വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട് : ദമ്പതികള്‍ ചമഞ്ഞ് വീട് വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് പെരുമണ്ണ അറത്തില്‍ വീട്ടില്‍ കെ പി സന്തോഷ് (50), പുതിയങ്ങാടി വെള്ളയില്‍ ചക്രയിന്‍ വളപ്പില്‍ വീട്ടില്‍ കമറുന്നിസ (52) എന്നിവരാണ് പിടിയിലായത്.

ഫറോക്ക് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പഠിക്കത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും എക്‌സൈസ് സൈബര്‍ സെല്ലും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ വെള്ളിപറമ്പിലുള്ള വാടകവീട്ടില്‍ വച്ചാണ് ഇവരെ പിടികൂടിയത്. 2.150 കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.

ദമ്പതികള്‍ എന്ന വ്യാജേനെ ഉള്‍പ്രദേശങ്ങളില്‍ വീട് വാടകക്കെടുത്ത് കഞ്ചാവ് ചില്ലറ വല്‍പന നടത്തുകയാണ് ഇവരുടെ രീതി. കമറുന്നിസക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് കേസുകള്‍ നിലവിലുണ്ട്. വെള്ളിപ്പറമ്പ്, കുറ്റിക്കാട്ടൂര്‍ പ്രദേശങ്ങളിളാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.

പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ കെ പി റഷീദ്, കെ പ്രവീണ്‍കുമാര്‍(ഐ ബി), സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം റെജി, എ എം ജിനീഷ്, എന്‍ സുജിത്ത് കെ എം പ്രശാന്ത്, സി ബി ലിഖിത, പി ബിജിഷ, ഡ്രൈവര്‍ ഹിദിന്‍ എസ് ദാസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Exit mobile version