Site icon Fourteen Kerala – 14 Kerala News

ലഹരിമാഫിയാ സംഘം പോലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

താമരശ്ശേരി: ലഹരിമാഫിയാ സംഘം പോലീസിനെയും നാട്ടുകാരെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി കോമന്‍തൊടുകയില്‍ വിഷ്ണു വേലായുധന്‍, എറണാകുളം മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ തിങ്കളാഴ്ച രാത്രിയാണ് പതിനഞ്ചോളം വരുന്ന സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ലഹരിമാഫിയാ സഘം തമ്പടിക്കുന്നതിന് സമീപത്തുള്ള കൂരിമുണ്ടയില്‍ മന്‍സൂറിന്റെ വീട്ടില്‍ സി സി ടി വി സ്ഥാപിച്ചതില്‍ പ്രകോപിതരായ സംഘം വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയും സ്ഥലത്തെത്തിയ പോലീസിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയും ചെയ്തു. പിന്നീട് രാത്രി എട്ട് മണിയോടെ മന്‍സൂറിന്റെ വീടിന് കല്ലെറിഞ്ഞു.

ഇതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ അക്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്തു.മന്‍സൂറിന്റെ കാറും തകര്‍ത്തു. പ്രദേശവാസിയായ ഇര്‍ഷാദിനെ വെട്ടി പരിക്കേല്‍പ്പിച്ചു. സക്കീറിനെ സംഭവ സ്ഥലത്ത് വെച്ചും വിഷ്ണുവിനെ പിന്നീടും പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. വീട് കയറി അക്രമിച്ച സഭവത്തില്‍ ഒരു കേസും പോലീസ് വാഹനം തകര്‍ത്തതിന് ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. യുവാവിനെ വെട്ടി പരുക്കേല്‍പിച്ച സംഭവത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യും. പ്രതികളുടെ രണ്ട് കാര്‍, രണ്ട് ബൈക്ക് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version