Site icon Fourteen Kerala – 14 Kerala News

കുരിക്കത്തൂരിൽ വീട്ടിൽനിന്ന്‌ 27 പവൻ സ്വർണവും പണവും മോഷ്ടിച്ചു

കുന്ദമംഗലം : കുരിക്കത്തൂരിൽ ആളില്ലാത്തസമയത്ത് വീട്ടിൽനിന്ന്‌ 27 പവൻ സ്വർണവും പണവും മോഷ്ടിച്ചു. തലക്കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി എരോത്തടത്തിൽ ശ്രീനിവാസന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. ഭാര്യയും കുട്ടികളും ചേരിഞ്ചാലിലെ വീട്ടിൽ വിരുന്നിനുപോയതിനാൽ ബുധനാഴ്ച ശ്രീനിവാസൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. രാത്രി പത്തരമണിയായപ്പോൾ തൊട്ടടുത്ത പറമ്പിൽ താമസിക്കുന്ന സഹോദരൻ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ ശ്രീനിവാസൻ വീടുപൂട്ടി അങ്ങോട്ടുപോയി. വ്യാഴാഴ്ച രാവിലെ സ്വന്തം വീട്ടിലെത്തിയപ്പോൾ മുറ്റത്തും അടുക്കളഭാഗത്തും ആഭരണപ്പെട്ടിയും കാഷ് ബാഗും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.

തുടർന്നുനടത്തിയ തിരച്ചിലിലാണ് വീട്ടിൽ മോഷണം നടന്നതായി മനസ്സിലായത്. അടുക്കളഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് പിക്ആക്സ് കൊണ്ട് തകർത്തശേഷമാണ് മോഷ്ടാവ് അകത്തുകടന്നത്. ശേഷം, പിന്നിലെ വാതിൽ തുറന്ന് താഴെനിലയിലെ കിടപ്പുമുറിയിലുള്ള മരത്തിന്റെ അലമാര തിക്കിത്തുറക്കുകയായിരുന്നു. ഈ അലമാരയിൽ തുണികൾക്കിടയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് നഷ്ടമായത്. മൂന്ന് സ്വർണമാല, ഒരു നെക്‌ലേസ്, രണ്ടുപവന്റെ രണ്ട് വളകൾ, ചെറിയ വളകൾ, മൂന്ന് മോതിരം, ബ്രേസ് ലെറ്റ് തുടങ്ങിയവയാണ് നഷ്ടമായത്.

മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയും കുത്തിത്തുറന്നിട്ടുണ്ട്. ഇവിടെ പേഴ്‌സിൽ സൂക്ഷിച്ച 10,000 രൂപയും നഷ്ടമായി. മുറിയിലെ സാധനങ്ങളും വാരിവലിച്ചിട്ടിട്ടുണ്ട്. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പോലീസ് നായ മണംപിടിച്ച് തൊട്ടടുത്ത കുളത്തിനരികിലെത്തി തിരിച്ചുപോന്നെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ശ്രീനിവാസന്റെ പരാതിയിൽ കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version