Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കാണാതായ അഞ്ചു വയസുകാരനെ പുഴയിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: ഫറോക്കിൽ കാണാതായ സംസാരശേഷിയില്ലാത്ത അഞ്ചു വയസുകാരനെ വീടിനു സമീപത്തെ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മൂഴിക്കൽ വള്ളത്ത് റോഡിൽ ചാലിയത്ത് പറമ്പ് എൻ.സി. ഹൗസിൽ റജാസിന്റെ മകൻ ഗാനിമിനെ (അഞ്ച്) ആണ്കാണാതായത്. മാതാവ് സൈനബ ഹണിയുടെ ഫറോക്കിലെ പേട്ട തളിയിൽ പറമ്പ് വീടിന് സമീപത്തെ പുഴയിൽ നിന്ന് ആണ് കുട്ടിയെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ 10.30നാണ് കുട്ടിയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല .ഒടുവിൽ പുഴയിൽ മത്സ്യബന്ധനം നടത്തുന്ന തോണിക്കാരൻ കുട്ടിയെ പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാർ പുഴയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി.

കുട്ടിയെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം മുഴീക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

Exit mobile version