Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തു; സ്ഥാപനത്തിനെതിരെ നടപടി

കോഴിക്കോട്: നാദാപുരം തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഖര മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിനും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചതിനുമെതിരെ നടപടി സ്വീകരിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയെ തുടർന്നാണ് നടപടിയെടുത്തത്. ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായതിനെ തുടർന്ന് പരിസരവാസികൾ അധികൃതരെ അറിയിക്കുകയും തുടർന്ന് നടപടി സ്വീകരിക്കുകയുമായിരുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് പിഴ ഒടുക്കുന്നതിനു ശേഷം മാത്രമേ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു.

പരിശോധനയിൽ നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീജിത്ത് കെ.ആർ, സി പ്രസാദ്, ഉദ്യോഗസ്ഥരായ അനഘ പി ജി, ജുബിഷ കെ എന്നിവരും പങ്കെടുത്തു.

Exit mobile version