Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് യുവാവിനെ വീട്ടിൽ കയറി അക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് വടകരയിൽ യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത യുവാവിനെ കണ്ടെത്താൻ വീട്ടിൽ കയറി അക്രമം നടത്തിയ മൂന്ന് പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ഉളിയിൽ സ്വദേശി പാറേമ്മൽ ഷഹനാദ് (27), മട്ടന്നൂർ ചാവശേരി കൊല്ലങ്കണ്ടി ആമിന മൻസിലിൽ ആസിഫ് (24), ഇരിട്ടി കീഴൂർ റസീന മൻസിലിൽ മുഹമ്മദ് ഇജാസ് (23) എന്നിവരെയാണ് എസ്ഐ എൻ ബാബുരാജ് അറസ്റ്റ് ചെയ്തത്.

പ്രതികളെ റിമാൻഡ് ചെയ്തു. ബുധൻ രാത്രി 10.30നാണ് പ്രതികളടക്കം ആറ് അംഗ സംഘം വടകര താഴെ അങ്ങാടി ബീച്ചിൽ ജലാൽ പള്ളിക്കു സമീപം വിശാലീക്കാരന്റവിട അഷറഫിന്റെ വീട്ടിൽ വാതിൽ തകർത്ത് അതിക്രമിച്ച്‌ കയറിയത്‌. ഇദ്ദേഹത്തിന്റെ മകൻ അർഷാദിനെ ആക്രമിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന അർഷാദിനെ ആക്രമിക്കാൻ എത്തിയവരിൽ മൂന്ന് പേർക്ക് കുത്തേൽക്കുകയും ചെയ്‌തിരുന്നു.

മൂന്ന് പേരും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരും വീട് ആക്രമിച്ച കേസിൽ പ്രതികളാണ്. ഇവർ വടകരയിൽ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഹനാദിന്റെ ബന്ധുവായ യുവതിയെ ഫോണിൽ വിളിച്ച് ശല്യംചെയ്യുന്നത് ചോദ്യംചെയ്യാനാണ് ഇരിട്ടിയിൽനിന്നുള്ള ആറുപേർ കാറിൽ വടകരയിൽ എത്തിയത്. അർഷാദിന്റെ വീട്ടിലെത്തിയ സംഘം ഇയാളെ വിളിച്ചെങ്കിലും വീടിന്റെ വാതിൽ തുറക്കാത്തതിനാൽ സംഘം വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. സംഭവത്തിൽ അർഷാദിന്റെ ബാപ്പ അഷറഫ് നൽകിയ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

Exit mobile version