Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡിക്കൽ കോളജ് പീഡനം‌; അതീജീവിതയ്ക്ക് അനുകൂലമായ മൊഴി നൽകിയവർ തിരുവനന്തപുരത്തു ചെന്ന് വീണ്ടും മൊഴി നൽകണം

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ ജീവനക്കാരെയും ആശുപത്രിയിലെ ഭരണ വിഭാഗത്തിൽ പെട്ടവരെയും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ മൊഴിയെടുക്കാൻ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. 14, 16 തീയതികളിൽ തിരുവനന്തപുരത്ത് എത്തിയില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും ഇവരുടെ ഭാഗം കേൾക്കാതെ റിപ്പോർട്ട് തയാറാക്കി ഉന്നത തീരുമാനത്തിനായി അയയ്ക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. ഭരണകക്ഷി സർവീസ് സംഘടനാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കത്തെന്നാണ് ജീവനക്കാർക്കിടയിലെ സംസാരം.

അതേ സമയം അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ 5 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കാൻ അനുകൂലമായി റിപ്പോർട്ട് നൽകിയ ഭരണ വിഭാഗത്തിൽ പെട്ട ഒരു ഡോക്ടറെ മൊഴിയെടുപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതീജിവിതയെ പീഡിപ്പിച്ച കേസിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് എം.എം.ശശീന്ദ്രനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത നടപടി മാത്രമാണ് ആശുപത്രി ഓഫിസിൽ നിന്നുണ്ടായത്.

ഭീഷണിപ്പെടുത്തിയ കേസിൽ 5 പേരെ സസ്പെൻഡ് ചെയ്തത് പ്രിൻസിപ്പൽ ഓഫിസിൽ നിന്നായിരുന്നു. എന്നാൽ 5 പേരുടെ പേരു‌വിവരങ്ങൾ ആരാണ് അതിജീവിതയ്ക്കു പറഞ്ഞുകൊടുത്തത്, അവരെ എങ്ങനെയാണു തിരിച്ചറിഞ്ഞത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കഴിഞ്ഞ 31ന് ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനെത്തിയവരോടു ചോദിച്ചത്.

എന്നാൽ, അന്നു മജിസ്ട്രേട്ടിനു കൊടുത്ത മൊഴി മാറ്റിപ്പറയാൻ ഭീഷണിപ്പെടുത്തിയെന്ന അതിജീവിതയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർ വരെ അന്വേഷണം നടത്തിയിരുന്നു. 5 പേരെയും തിരിച്ചറിഞ്ഞതായി അതിജീവിത ഉടനെ അന്വേഷണ സംഘത്തിനു മൊഴി നൽകുകയായിരുന്നു. 31ന് അന്വേഷണ സംഘത്തിനു മൊഴി നൽകിയവരെ വീണ്ടും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്.
അതിജീവിതയ്ക്ക് ഒപ്പം നിൽക്കുമെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചപ്പോഴാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് പരാതി അട്ടിമറിക്കാൻ കൂട്ടു നിൽക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Exit mobile version