Site icon Fourteen Kerala – 14 Kerala News

റോഡ് ഗതാഗതം തടസപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അനക്കമില്ലാതെ അധികൃതർ

കൊയിലാണ്ടി: കാപ്പാട് നിന്നും കൊയിലാണ്ടി ഹാർബർവരെയുള്ള റോഡ് തകർന്നിട്ട് ഒരുമാസം പിന്നിടുന്നു. ഇതുവഴി റോഡ് ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്. ശക്തമായ കടലേറ്റം റോഡും കടന്ന് തീരത്തെ കെട്ടിടങ്ങൾക്ക് സമീപംവരെ എത്തിയിരുന്നു. റോഡ് മുറിഞ്ഞുപോയതിനാൽ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.

കൊയിലാണ്ടി ഭാഗത്ത് നിന്നും കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നവർക്കും ഹാർബറിലേക്ക് നിത്യേന പോയിവരുന്ന മത്സ്യത്തൊഴിലാളികൾക്കും ഇത് ദുരിതമായിരിക്കുകയാണ്. തിരക്കേറിയ ദേശീയ പാതവഴി കൂടുതൽ ദൂരം താണ്ടിയാണ് നിലവിൽ ഇവരുടെ യാത്ര. കടൽഭിത്തി ശാസ്ത്രീയമായി നിർമിച്ച് സംരക്ഷിച്ചാൽ മാത്രമേ റോഡ് നിലനിൽക്കുകയുള്ളൂ. ചെന്നൈയിലുള്ള നാഷണൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ച്, നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി എന്നിവിടങ്ങളിലെ വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ട് മേജർ ഇറിഗേഷൻ വകുപ്പ് സംസ്ഥാന സർക്കാരിന് കൈമാറിയ ശേഷമാണ് തീര സംരക്ഷണ നടപടികൾ തുടങ്ങുക.

റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു. മേജർ ഇറിഗേഷൻ വിഭാഗമാണ് കടൽ സംരക്ഷണ പ്രവൃത്തികൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും സാങ്കേതിക സഹായങ്ങൾ നൽകുന്നത്. കാപ്പാട് മുതൽ കൊയിലാണ്ടി ഹാർബർ വരെ 16-ചെറുപുലിമുട്ടുകൾ നിർമിക്കാനുള്ള പദ്ധതി മേജർ ഇറിഗേഷൻ വകുപ്പ് സർക്കാരിന് നേരത്തേ സമർപ്പിച്ചിരുന്നുവെങ്കിലും പ്രവൃത്തി തുടങ്ങിയില്ല.

Exit mobile version