Site icon Fourteen Kerala – 14 Kerala News

ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസ്; യുവാവ് കൊച്ചിയിൽ പിടിയിൽ

തൃക്കാക്കര : ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസിൽ യുവാവ് കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ഫെബ്രുവരി മൂന്നിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് വിവാഹാലോചന എത്തിയത്. ഐടി രംഗത്ത് നല്ല ജോലിയുണ്ടെന്നും 20 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നുമാണ് വൈശാഖ് യുവതിയേയും കുടുംബത്തേയും ധരിപ്പിച്ചത്.

ബി ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐഐടിയിൽ ഓൺലൈനായി പഠിക്കുന്നുണ്ടെന്നും വിശ്വസിപ്പിക്കാനും ഇയാള്‍ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ഇടക്കിടെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. വൈശാഖ് നേരത്തെ വിവാഹിതനാണെന്നും ബന്ധുക്കൾ കണ്ടെത്തി.
ബി ടെക് പാസ്സാകാത്ത പ്രതി ബെംഗളൂരുവിൽ സിവിൽ സർവീസ് കോച്ചിംഗിന് ചേർന്നാണ് ബിഹാർ സ്വദേശിയായ യുവതിയെ കഴിഞ്ഞ വർഷം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇത്.

സ്വകാര്യ സ്ഥാപനത്തിൽ ഉന്നത ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ വിവാഹം. ആദ്യ ഭാര്യ നൽകിയ പരാതിയിൽ വൈശാഖിനെതിരെ പട്ന പൊലീസ് സ്റ്റേഷനിലും കേസുണ്ട്. രണ്ടാം ഭാര്യയുടെ പരാതിയിൽ തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തിയതിന് വൈശാഖിന്റെ അച്ഛൻ പ്രഹ്ലാദൻ, അമ്മ മീന, സഹോദരൻ നിഖിൽ എന്നിവരേയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

Exit mobile version