Site icon Fourteen Kerala – 14 Kerala News

രോഗികൾ കൂടി : മെഡിക്കൽ കോളേജിൽ പനിവാർഡ് തുറന്നു

കോഴിക്കോട് : മഴക്കാലത്ത് പകർച്ചപ്പനിബാധിതരുടെ എണ്ണംകൂടിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിവാർഡ് തുറന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന പനിരോഗികൾ വർധിച്ചതോടെ മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ നിലത്ത് പായവിരിച്ച് കിടക്കുന്ന സ്ഥിതിയായിരുന്നു. പനിവാർ‍ഡ് തുറന്നത് ഇവർക്ക് ഏറെ ആശ്വാസമേകും.

പഴയ അത്യാഹിതവിഭാഗമാണ് പനിവാർഡാക്കി മാറ്റിയത്. ഞായറാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. നാല്പതോളം കിടക്കകളാണിവിടെയുള്ളത്. വാർഡ് 30 കൂടി പനിവാർഡാക്കി മാറ്റാനാണ് തീരുമാനം. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1, മസ്തിഷ്‌കജ്വരം, ന്യുമോണിയ, മറ്റ് പനികൾ, മഞ്ഞപ്പിത്തം, വയറ്റിളക്കം തുടങ്ങിയവ ബാധിച്ചെത്തുന്നവരാണ് നിലവിൽ കൂടുതൽപ്പേരും.

മെഡിസിൻവിഭാഗത്തിൽ ട്രാൻസിറ്റ് ഐ.സി.യു. അടക്കം മൂന്ന് ഐ.സി.യു. വന്നതോടെ 35 വെന്റിലേറ്റർ കിടക്കകളുടെ സൗകര്യമുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും എച്ച് 1 എൻ 1-ഉം ആണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് മെഡിസിൻവിഭാഗം മേധാവി ഡോ. പി. ജയേഷ്‌കുമാർ പറഞ്ഞു. പനി ക്ളിനിക് പ്രവർത്തിക്കുന്ന ലോക്കൽ ഒ.പി. യിൽ തിങ്കളാഴ്ച പനിബാധിച്ച് 16 പേരാണ് ചികിത്സതേടിയത്. ഇതിൽ ആറുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

Exit mobile version