Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബീച്ചിൽ പോലീസുകാരനുനേരെ കത്തിവീശി

കോഴിക്കോട് : പഴയ കോർപ്പറേഷൻ ഓഫീസിന് സമീപം പുകവലിക്കുന്നത് ചോദ്യംചെയ്ത പോലീസുകാരനുനേരെ യുവാവ് കത്തിവീശി. സംഭവത്തിൽ യുവാവിനെ ടൗൺ പോലീസ് അറസ്റ്റുചെയ്തു. പന്നിയങ്കര സ്വദേശി ഇർഫാൻ(19)ആണ് ഞായറാഴ്ച രാത്രിയോടെ പിടിയിലായത്. പ്രതിയോടൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു.

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ടൗൺ പോലീസിന്റെയും ആന്റി നർകോട്ടിക് സംഘത്തിന്റെയും നേതൃത്വത്തിൽ സ്ഥിരമായി നടക്കുന്ന പരിശോധനയിലാണ് രണ്ടുപേർ പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ചോദ്യംചെയ്തപ്പോൾ ഇർഫാൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു.

ഇത് തടയാൻ ശ്രമിച്ച നർകോട്ടിക് സ്ക്വാഡിലെ സി.പി.ഒ. ശ്യാംജിത്തിന് വലതുകൈയ്ക്ക് പരിക്കേറ്റു. ഉടനെ പ്രതികൾ ഓടിപ്പോവുകയും ചെയ്തു. പിന്നീട് ടൗൺ എസ്.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇർഫാനെയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Exit mobile version