Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജില്ലയിൽ ലഭിച്ച ‘അധിക മഴ’ 219 ശതമാനം; ഒരു മരണവും 9 വീടുകൾക്ക് നാശനഷ്ടവും

കോഴിക്കോട്: ജില്ലയിൽ മഴക്കെടുതികളിൽ ഒരു മരണവും 9 വീടുകൾക്ക് നാശനഷ്ടവും സംഭവിച്ചു. വടകര ഏറാമല വില്ലേജിലെ ഒന്നര വയസ്സുകാരൻ മുഹമ്മദ് റെയ്ഹാന്റെ മരണമാണ് മഴക്കെടുതികളിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്. വടകര താലൂക്കിൽ രണ്ടു വീടുകളും കൊയിലാണ്ടി താലൂക്കിൽ 7 വീടുകളും ഭാഗികമായി നശിച്ചു. പുഴകളിലെ ജലനിരപ്പ് സാധാരണ സ്ഥിതിയിലാണ്. ജില്ലയിൽ ഇന്നു കനത്ത മഴ പെയ്യാൻ സാധ്യതയില്ലെന്നാണു കാലാവസ്ഥാ വകുപ്പുകളുടെ പ്രവചനം.

ഇന്നും നാളെയും ജില്ലയിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അണക്കെട്ടുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം അണക്കെട്ടിലെ ജലനിരപ്പ് 750.26 മീറ്ററായി ഉയർന്നിട്ടുണ്ടെങ്കിലും ഇന്നലെ വൈകിട്ടത്തെ കണക്ക് അനുസരിച്ചു സംഭരണ ശേഷിയുടെ ആകെ 48.02 % വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.പെരുവണ്ണാമൂഴി അണക്കെട്ടിൽ നിലവിൽ 39.080 മീറ്ററാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 61.38 ശതമാനമാണ് നിലവിൽ അണക്കെട്ടിൽ സംഭരിക്കപ്പെട്ടിരിക്കുന്നത്.

പെരുവണ്ണാമൂഴി അണക്കെട്ടിലെ സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.ശനിയാഴ്ച രാത്രിയിൽ വൃഷ്ടിപ്രദേശത്ത് ലഭിച്ച ശക്തമായ മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിലെ ജലനിരപ്പ് ഇന്നലെ രാവിലെ ഉയർന്നെങ്കിലും പിന്നീട് പൂർവസ്ഥിതിയിലായി. കുറ്റ്യാടിപ്പുഴയിലും ചാലിയാറിലും നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും മഴ കുറഞ്ഞതോടെ ഇന്നലെ വൈകിട്ടു ജലനിരപ്പ് പൂർവസ്ഥിതിയിലായി.

ഈ മാസം ഇതുവരെ ജില്ലയിൽ പെയ്തിറങ്ങിയത് കനത്ത മഴ. ഒക്ടോബർ 1 മുതൽ ഇന്നലെ വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ പെയ്തത് 514.9 മില്ലിമീറ്റർ മഴയാണ്. ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ 161.3 മില്ലിമീറ്ററാണ്. അതായത് 219% അധികം മഴയാണ് ജില്ലയിൽ ലഭിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ‘അധിക മഴ’ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 63.9 മി.മീ മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പിന്റെ കക്കയം സ്റ്റേഷനിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്; 100.5 മില്ലിമീറ്റർ. കോഴിക്കോട്, കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ മഴമാപിനികളിൽ യഥാക്രമം 31.6, 53, 70.4 മില്ലിമീറ്റർ വീതം മഴ രേഖപ്പെടുത്തി.

Exit mobile version