Site icon Fourteen Kerala – 14 Kerala News

പുഴയിലും ട്രോളിംഗ്; മീൻപിടിക്കുന്നത്‌ തടയാൻ നടപടി ഊർജ്ജിതമാക്കി ഫിഷറീസ് വകുപ്പ്

കോഴിക്കോട് : മത്സ്യങ്ങളുടെ പ്രജനന കാലത്ത് കടലിൽ മത്സ്യബന്ധനം തടയുന്ന ട്രോളിംഗ് സമ്പ്രദായം പുഴ മത്സ്യ സംരക്ഷണത്തിനും നടപ്പാക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. പുഴകളിൽ അനധികൃതമായി മീൻപിടിക്കുന്നത്‌ തടയാൻ നടപടി ഊർജ്ജിതമാക്കി ഫിഷറീസ് വകുപ്പ്. മത്സ്യപ്രജനന കാലത്ത് “ഊത്തപിടുത്തം’ എന്ന പേരിലാണ് മീൻപിടിത്തം.

ചെറിയ കണ്ണിയുള്ള വലകൾ ഉപയോഗിച്ചും കൂടുകൾ സ്ഥാപിച്ചും മത്സ്യത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി വെള്ളത്തിനുകുറുകെ വലകൾ കെട്ടിയുമാണ് മീൻപിടിക്കുന്നത്.

ഇതിലൂടെ മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയത്. കടലിൽ ട്രോളിങ്‌ സമയത്ത് മത്സ്യബന്ധനം നടത്തുന്നതുപോലെ കുറ്റകരമാണ് ജൂൺ, ജൂലൈ മാസങ്ങളിൽ പുഴകളിലും തോടുകളിലും അനധികൃതമായി കൂടുകളോ വലകളോ സ്ഥാപിച്ചുള്ള മത്സ്യബന്ധനം.

ജില്ലയിൽ പലയിടത്തും ഇത്തരത്തിലുള്ള ഒട്ടനവധി പരാതി നൽകിയിരുന്നു ലഭിച്ചതായി അധികൃതർ പറഞ്ഞു. വേളം പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ ഒട്ടനവധി വലകൾ പിടിച്ചെടുത്തിരുന്നു. വരുംദിവസങ്ങളിൽ മറ്റ്‌ സ്ഥലങ്ങളിലും പരിശോധന നടക്കുമെന്ന് ഫിഷറീസ് ഓഫീസർ പറഞ്ഞു.

Exit mobile version