Site icon Fourteen Kerala – 14 Kerala News

പൊലീസ് സ്റ്റേഷനില്‍ കിട്ടിയ നായക്കുട്ടിയ്ക്കായി സിഐയെ വിളിച്ചത് 40 പേര്‍; ഒടുവില്‍ പൊലീസ് യഥാര്‍ഥ ഉടമയെ തിരിച്ചറിഞ്ഞു

പാലാ പട്ടണത്തില്‍ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ രണ്ട് ചെറുപ്പക്കാരാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ മുന്തിയ ഇനം നായയാണെന്ന് മനസിലായതോടെയാണ് അവര്‍, അതിനെ പൊലീസിന് കൈമാറിയത്. അങ്ങനെ യഥാര്‍ഥ ഉടമയെ തേടി പൊലീസ് പരസ്യം നല്‍കി. ഫേസ്ബുക്കില്‍ ഉള്‍പ്പടെയാണ് പരസ്യം നല്‍കിയത്.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് പാലാ സിഐയെ വിളിച്ചത് 40 പേരായിരുന്നു. ഈ 40 പേരില്‍ ആരാണ് യഥാര്‍ഥ ഉടമയെന്നത് പൊലീസിനെ ശരിക്കും കുഴക്കി. ഫോണില്‍ വിളിച്ചത് കൂടാതെയും നായക്കുട്ടിയുടെ അവകാശം ഉന്നയിച്ച്‌ ചിലര്‍ പൊലീസ് സ്റ്റേഷനിലുമെത്തി. അതിനിടെ കുട്ടിമാളുവെന്ന പേരൊക്കെ ഇട്ട് പൊലീസുകാരുമായി നന്നായി ഇണങ്ങിയിരുന്നു ബീഗിള്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടി.

എന്നാല്‍ ബുധനാഴ്ച വൈകിട്ട് എത്തിയ ചേര്‍പ്പുങ്കല്‍ പുതിയവീട്ടില്‍ അരുണിനെ കണ്ടതോടെ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന നായക്കുട്ടി യജമാനനെ തിരിച്ചറിഞ്ഞ ഭാവത്തില്‍ തുള്ളിച്ചാടി. ബെല്ല എന്നാണ് അരുണ്‍ നായക്കുട്ടിയെ വിളിച്ചത്. പക്ഷേ അതുകൊണ്ടും പൊലീസുകാര്‍ നായയെ വിട്ടുനല്‍കാൻ തയ്യാറായില്ല. എന്നാല്‍ നായക്കുട്ടിയുടെ ശരീരത്തിലെ ഒരു മുറിവിനെക്കുറിച്ച്‌ അരുണ്‍ സൂചന നല്‍കി.

പൊലീസുകാര്‍ പരിശോധിച്ചപ്പോള്‍ അരുണ്‍ പറഞ്ഞതുപോലെ ഒരു മുറിവ് അതിന്‍റെ ദേഹത്തുണ്ടായിരുന്നു. രണ്ടു മാസം മുമ്ബ് അരുണ്‍ വളര്‍ത്തുന്ന റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട മറ്റൊരു നായയുടെ കടിയേറ്റാണ് ബെല്ലയ്ക്ക് മുറിവേറ്റത്. ഇതോടെ അരുണ്‍ തന്നെയാണ് നായക്കുട്ടിയുടെ ഉടമയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബെല്ലയെ അരുണിന് കൈമാറുകയും ചെയ്തു.

Exit mobile version