Site icon Fourteen Kerala – 14 Kerala News

കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ, കെ.ജെ. ഹാരിസ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് ആലപ്പുഴ വിജിലൻസിന്റെ പിടിയിലായി.

മാരാരിക്കുളം സ്വദേശിയായ, പരാതിക്കാരന്‍റെ വീടിനോട് ചേർന്ന് പുതുതായി നിർമിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ഈ വർഷം ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. നാളിതുവരെയും അപേക്ഷയിന്മേല്‍ നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്നറിഞ്ഞു.

പരാതിക്കാരൻ ഇക്കഴിഞ്ഞ ദിവസം ടൂറിസം ഇൻഫർമേഷൻ ഓഫീസറായ കെ.ജെ. ഹാരിസിനെഓഫീസിൽ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോള്‍ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ കൈവശം മുന്നൂറ് രൂപ മാത്രമേയുള്ളോവെന്ന് പറഞ്ഞപ്പോള്‍ 5,000 രൂപയുമായി വെള്ളിയാഴ്ച വരാന്‍ കെ.ജെ. ഹാരിസ് പറഞ്ഞു. പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡി.വൈ.എസ്.പി ഗിരീഷ്‌ പി സാരഥിയെ അറിയിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെണി ഒരുക്കി ഇന്ന് ഉച്ചക്ക് 1.45 മണിയോടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ വച്ച് പരാതിക്കാരൻ നിന്നും ആദ്യഗഡുവായി 2,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മറ്റൊരു ഹോംസ്റ്റേ തുടങ്ങണമെന്ന പേരില്‍ രഹസ്യാന്വേഷണത്തിന്‍റെ ഭാഗമായി വേഷം മാറി ഹാരിസിനെ സമീപിച്ച വിജിലന്‍സ് ഇന്റെലിജെന്‍സ് വിഭാഗം ഉദ്യോഗസ്ഥരോടും ഹോംസ്റ്റേ അനുവധിക്കണമെങ്ങില്‍ 2,000 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Exit mobile version