കോഴിക്കോട്: വഴിയറിയാൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര പുറപ്പെട്ട കാർ യാത്രക്കാരൻ എത്തിപ്പെട്ടത് കുറ്റ്യാടി പുഴയിൽ. ഗൂഗിൾമാപ്പ് വഴി കാട്ടി കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെട്ട കാർ കുറ്റ്യാടി പുഴയിലേക്ക് മറിഞ്ഞു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് കുറ്റ്യാടി റിവർ റോഡിലാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കാർ പുഴയിലേക്ക് മറിയാൻ തുടങ്ങിയതോടെ യാത്രക്കാരൻ ഇറങ്ങി. റോഡിൽ നിന്ന് തെന്നിമാറിയ കാർ പുഴക്കരയിൽ തട്ടി നിന്നു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി വടം ഉപയോഗിച്ച് കെട്ടി കാർ പുഴയിൽ പതിക്കുന്നത് തടഞ്ഞു.
രാത്രി പത്തരയോടെ ക്രയിൽ കൊണ്ട് വന്ന് കാർ പുറത്തേക്കെടുത്തു. കെ എൽ 56 ക്യൂ 1691 നമ്പർ ഷിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്. ആളുകൾ നടന്ന് പോകാൻ ഉപയോഗിക്കുന്ന റിവർ റോഡിൽ പുഴയോട് ചേർന്നുള്ള കുറ്റിക്കാട് കാരണം റോഡിന് പുറത്തു കൂടെയാണ് വാഹനം സഞ്ചരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
പേരാമ്പ്ര പന്തിരക്കര സ്വദേശിയാണ് കാർ ഓടിച്ചത്. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനാ പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഗൂഗിൾ മാപ് ചതിച്ചതാണെന്ന് ഡ്രൈവർ പറയുന്നുണ്ടെങ്കിലും ഇയാൾ മദ്യപിച്ചാണ് കാർ ഓടിച്ചതെന്നുള്ള ആരോപണവുമുണ്ട്.
