Site icon Fourteen Kerala – 14 Kerala News

മെഡിക്കൽ കോളേജിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തി

കോഴിക്കോട് : മാവൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറൂപ്പ ആശുപത്രി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. പ്രധാന കവാടത്തിൽ പോലീസ് തടഞ്ഞു. മെഡിക്കൽ കോളേജ് പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.

മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് മാർച്ച് ഉദ്ഘാടനംചെയ്തു. എച്ച്.എം.സി. അംഗം വി.എസ്. രഞ്ജിത്ത് അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഖാദർ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വളപ്പിൽ റസാക്ക്, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ടി.പി. സുരേഷ്, അൻവർ സാദത്ത് (വെൽഫെയർ പാർട്ടി), ടി.കെ. മജീദ് (സി.പി.എം.), കെ.പി. രാജശേഖരൻ (ആർ.എം.പി.), മൻസൂർ മണ്ണി (പ്രവാസി അസോസിയേഷൻ), ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത്, കെ.ടി. വത്സരാജ് എന്നിവർ സംസാരിച്ചു.

ചെറൂപ്പ ആശുപത്രിയിൽ യൂണിറ്റിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, കിടത്തിച്ചികിത്സയും അത്യാഹിതവിഭാഗവും പ്രവർത്തിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഉൾപ്പെടുത്തി ആശുപത്രിസേവനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം സമരസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകി.

Exit mobile version