Site icon Fourteen Kerala – 14 Kerala News

സ്കൂൾപരിസരത്ത് ജലജീവൻപദ്ധതി പൈപ്പുകൾ മറിഞ്ഞുവീണു

കല്ലാച്ചി : സ്കൂൾപരിസരത്ത് വീണ്ടും ജലജീവൻപദ്ധതിയുടെ പൈപ്പുകൾ മറിഞ്ഞുവീണു. തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. ജലജീവൻ പദ്ധതിക്കായി വിഷ്ണുമംഗലം സ്കൂളിനുസമീപം ഓത്തിയിൽമുക്കിൽ റോഡരികിൽ അടുക്കിവെച്ച ഭീമൻ പൈപ്പുകളാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് റോഡിലേക്ക് മറിഞ്ഞുവീണത്. സ്കൂൾബസും കാറും കടന്നുപോയ ഉടനെയാണ് റോഡിലേക്ക് പൈപ്പുകൾ വീണത്.

ഭീമൻപൈപ്പുകൾ ഉരുണ്ട് മറുവശത്തെ വൈദ്യുതിത്തൂണിൽ തട്ടിയാണ് നിന്നത്. വൈദ്യുതത്തൂൺ തകരാതിരുന്നതിനാലും ഉച്ചസമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലുമാണ് വൻ അപകടം ഒഴിവായത്. തിരക്കേറിയ വളയം-കല്ലാച്ചി റോഡരികിൽ ഓത്തിയിൽമുക്ക് മുതൽ ജാതിയേരിവരെ ജലജീവൻ പദ്ധതിക്കായി നൂറുകണക്കിന് പൈപ്പുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ അടുക്കിവെച്ചിരിക്കുന്ന പൈപ്പുകൾ മറിഞ്ഞുവീഴാതിരിക്കാൻ ചെറിയ കല്ലുകളും കട്ടകളുമാണ് വെച്ചിരിക്കുന്നത്. മഴ പെയ്തതോടെ പൈപ്പിന്റെ ഭാരം താങ്ങാനാവാതെ മണ്ണ് ഭൂമിയിലേക്ക് അമരുമ്പോഴാണ് ഇവ റോഡിലേക്ക് പതിക്കുന്നത്.

കഴിഞ്ഞയാഴ്ച ജാതിയേരി എം.എൽ.പി. സ്കൂളിനുസമീപം കല്ലുമ്മലിൽ ഇത്തരത്തിൽ റോഡരികിൽ അടുക്കിവെച്ച ഭീമൻപൈപ്പുകൾ റോഡിലേക്ക് മറിഞ്ഞുവീണിരുന്നു. സംഭവത്തിന്‌ തൊട്ടുമുമ്പുവരെ സമീപത്തെ സ്കൂളിലെ കുട്ടികളും വാഹനയാത്രക്കാരും ഇതുവഴി കടന്നുപോയിരുന്നു. തുടർച്ചയായി രണ്ടപകടങ്ങളുണ്ടായിട്ടും ഗ്രാമപ്പഞ്ചായത്ത് അധികൃതരോ ജല അതോറിറ്റിയോ പോലീസോ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Exit mobile version