Site icon Fourteen Kerala – 14 Kerala News

കനത്തമഴ ; കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി

കോഴിക്കോട് : നഗരത്തിൽ ബുധനാഴ്ച ഉച്ചമുതൽ പെയ്ത കനത്തമഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മിഠായിത്തെരുവിലെ കടകളിൽ വെള്ളംകയറി. കടകളിലെ ജീവനക്കാർ സാധനങ്ങളെല്ലാം മുകളിലേക്കു കയറ്റിവെക്കുകയും വെള്ളംകോരി ഒഴിവാക്കിയതിനാലും വലിയ നഷ്ടങ്ങൾ സംഭവിച്ചില്ല.

മിഠായിത്തെരുവിന്റെ തുടക്കഭാഗത്ത് 12.50 ലക്ഷംരൂപ ചെലവഴിച്ച് ഓവുചാലിന്റെയും കൊരുപ്പുകട്ടയുടെയും പ്രവൃത്തി നടന്നിരുന്നു. എന്നാൽ, പ്രവൃത്തി നടന്നുകൊണ്ടിരിക്കുമ്പോൾ മഴപെയ്തതിനാൽ വെള്ളംപോകാൻ വഴിയില്ലാതായതാണ് വെള്ളക്കെട്ടിനു കാരണം. ഇവിടെ കൂട്ടിയിട്ടിരുന്ന എംസാൻഡ് മഴയിൽ ഒലിച്ചുപോയിട്ടുണ്ട്. രാത്രി മഴപെയ്യുമ്പോൾ കടകളിലേക്ക് വെള്ളംകയറിയാൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് കടക്കാർ.

തോപ്പയിൽ വാർഡിലെ ചെറോട്ട് വയലിൽ ഒട്ടേറെ വീടുകളിൽ വെള്ളംകയറി. കോട്ടൂളി, രാജാജി റോഡ്, വലിയങ്ങാടി, കോർട്ട് റോഡ്, മാവൂർ റോഡ് തുടങ്ങിയ ഭാഗങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. മേത്തോട്ട് താഴത്ത് റോഡിലേക്ക് തൊട്ടടുത്ത പറമ്പിലെ മാവ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ബീച്ച് അഗ്നിരക്ഷാസേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി. സുനിലിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ചാലിയം കടുക്കബസാറിൽ റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

Exit mobile version