Site icon Fourteen Kerala – 14 Kerala News

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് സ്വർണം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട കളത്തൂകടവ് ഭാഗത്ത് താഴത്തേടത്ത് വീട്ടിൽ അമൽ ദാസിനെ (28) ആണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.

പണവും സ്വർണവും അടക്കം 16,61,000ഓളം രൂപ യുവതിയിൽനിന്ന് തട്ടിയെടുത്തിട്ടുണ്ട്. ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് പെരുമ്പായിക്കാട് സ്വദേശിനി കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.

ഒളിവിൽ പോയ യുവാവിനെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ വയനാട് തിരുനെല്ലി ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ടി. ശ്രീജിത്ത്, കെ.കെ. രാജേഷ്, സജികുമാർ, എ.എസ്.ഐ സജി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Exit mobile version