Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് എലത്തൂരിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിടിച്ച് മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണമാരംഭിച്ചു.

അതേസമയം വന്ദേഭാരത് ട്രെയിനിന് നേരെ അടിക്കടി കല്ലേറുണ്ടാകുന്ന സാഹചര്യത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ട്രാക്കിൽ കയറുന്ന കന്നുകാലികളെ രക്ഷിച്ച് ദൂരത്തേക്ക് മാറ്റാനായി മുൻ ഭാഗത്തെ കോച്ചിൽ സംവിധാനവും ഏർപ്പെടുത്തും.

നിലവിൽ സംസ്ഥാനത്തിലൂടെയുള്ള വന്ദേഭാരതിന്റെ വേഗത വർദ്ധിപ്പിക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്. ട്രെയിനിന്റെ ഇപ്പോഴുള്ള ശരാശരി വേഗം 90 കിലോമീറ്ററാണ്. ഷൊർണൂർ- മംഗലാപുരം റൂട്ടിൽ 110 കി.മീ വേഗത്തിൽ ഓടിക്കാൻ കഴിയുന്ന വിധത്തിൽ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.

തിരുവനന്തപുരം- കൊല്ലം റൂട്ടിൽ 100-110 കി.മീ വേഗത്തിൽ ഓടിക്കാനും കഴിയും. ഈ വർഷം അവസാനത്തോടെ 130 കിലോമീറ്റർ വേഗം കൈവരിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. 160 കി.മീ വേഗത്തിനുള്ള നിർമ്മാണ പ്രവൃത്തികളാണ് ട്രാക്കിൽ പുരോഗമിക്കുന്നത്.

Exit mobile version