Site icon Fourteen Kerala – 14 Kerala News

റോഡിലെ വലിയ കുഴിയിൽ വീണ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്:കനത്തമഴയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊറ്റമ്മൽ ബസ്‌സ്റ്റോപ്പിനോടുചേർന്നുള്ള വലിയ കുഴിയിൽ വീണ യുവതി രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലത്തിൽ.

കനത്തമഴയിൽ റോഡും കുഴിയുമെല്ലാം നിറഞ്ഞൊഴുകിയ സമയത്ത് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. മെയ്ത്ര ഹോസ്പിറ്റൽ ജീവനക്കാരിയായ യുവതി ആശുപത്രിവാഹനത്തിൽ കയറാനായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് കഴുത്തോളം താഴ്ചയുള്ള വെള്ളംനിറഞ്ഞ കുഴിയിലേക്ക് വീണത്.

അരയ്ക്കുമേലേയുള്ള കുഴിയും കഴിഞ്ഞ് റോഡിലും ഒരടിയോളം വെള്ളം കെട്ടിനിന്നിരുന്നു. പതിവായി ഇതുവഴി പോവുന്നതിനാൽ റോഡിൽ കുഴിയുള്ളത് അറിയാമായിരുന്നെങ്കിലും എവിടെയാണെന്ന് നിശ്ചയമില്ലാതെ ധൃതിയിൽ കാലെടുത്തുവെച്ചപ്പോൾ വീഴുകയായിരുന്നു.

കനത്തമഴയിൽ റോഡിലൊന്നും ആളില്ലാത്തതിനാൽ ഉറക്കെ വിളിച്ചിട്ടും സഹായിക്കാനാരുമെത്തിയില്ല. നല്ല പൊക്കമുള്ളയാളായതിനാലാണ് കുഴിയിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത്. സമീപത്തെ കന്പിയിൽ പിടിച്ച് സാഹസികമായി മുകളിലേക്കു കയറി.

കാലിലും ശരീരത്തിലും മുറിവേറ്റു. അവശനിലയിലായ യുവതിക്ക് ആശുപത്രിയിൽ അടിയന്തരവൈദ്യസഹായം നൽകി. കുത്തനെ വീണതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും മലർന്ന് വീണിരുന്നെങ്കിൽ വെള്ളത്തിൽ മുങ്ങിപ്പോവുമായിരുന്നുവെന്നും യുവതി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിലും ഇവിടത്തെ കുഴിയിൽ ഒരാൾ വീണിരുന്നു. നഗരത്തിന്റെ പലഭാഗത്തും ഇതുപോലെ സ്ലാബുകൾ തുറന്നനിലയിലും കുഴികൾ മൂടാതെയുമുണ്ട്

Exit mobile version