Site icon Fourteen Kerala – 14 Kerala News

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഇനി വന്ദനയും അന്തിയുറങ്ങും; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു

കോട്ടയം: വൈദ്യ പരിശോധനയ്‌ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടുവളപ്പിൽ ആണ് സംസ്കാരം നടന്നത്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തയാണ് വന്ദനയെയും സംസ്കരിച്ചത്. വന്ദനയുടെ അമ്മാവന്റെ മകൻ ആണ് അന്ത്യ കർമ്മങ്ങൾ നിർവഹിച്ചത്.

വീട്ടിലും കോളേജിലും ആശുപത്രിയിലുമായി പൊതു ദർശനത്തിന് വച്ച മൃതദേഹം കാണാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും എത്തിയിരുന്നു. ഇന്നലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത് .

ആശുപത്രിയിൽ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. അഞ്ചോളം കുത്തുകൾ വന്ദനക്കേറ്റുവെന്നാണ് പ്രാഥമിക നി​ഗമനം. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇ‌യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസുകാർക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി സന്ദീപ് അധ്യാപകനാണെന്നും നാട്ടുകാർ പറയുന്നു. നിലത്തുവീണ ഡോക്ടറെ സർജിക്കൽ ഉപകരണങ്ങൾ ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസിന്റെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സമരത്തിലാണ്.

Exit mobile version